ഇഖാമയും ഇന്‍ഷുറന്‍സും ഇല്ലാതെ എട്ട് വര്‍ഷം; തൊഴിലാളികള്‍ക്ക് ആശ്വാസവുമായി പ്രവാസി വെല്‍ഫെയര്‍

Update: 2026-01-13 10:31 GMT

ജുബൈല്‍: കഴിഞ്ഞ എട്ട് വര്‍ഷത്തിലേറെയായി ഇഖാമയും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഇല്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമായി പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ഘടകത്തിന്റെ ഇടപെടല്‍. ജുബൈല്‍ വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന 15 തൊഴിലാളികളാണ് മാനേജ്‌മെന്റിന്റെ അനാസ്ഥയെ തുടര്‍ന്ന് പ്രതിസന്ധിയിലായത്. മാസങ്ങളായി ശമ്പളം ലഭിക്കാതിരുന്നതോടെ തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ അസുഖം ഉണ്ടായിട്ടും ചികില്‍സ തേടാന്‍ കഴിയാത്തതും, ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സാധിക്കാത്തതും ഇവരുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കി. വര്‍ഷങ്ങളായി നാട്ടിലേക്ക് പോകാന്‍ അവധി ലഭിക്കാതിരുന്നതും തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലി നിര്‍ത്തിവച്ചതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

പ്രശ്‌നം സങ്കീര്‍ണമാകുന്നതിനിടെ അല്‍ ജുഐമ ലേബര്‍ ഓഫീസ്, വിഷയപരിഹാരത്തിനായി ഇന്ത്യന്‍ എംബസി വോളണ്ടിയറുടെയും പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ഘടകം ജനസേവന വിഭാഗം കണ്‍വീനര്‍ സൈഫുദ്ദീന്‍ പൊറ്റശ്ശേരിയുടെയും സഹായം തേടി. തുടര്‍ന്ന് സൈഫുദ്ദീന്‍ പൊറ്റശ്ശേരി, ഇന്ത്യന്‍ എംബസി വോളണ്ടിയര്‍ സലിം ആലപ്പുഴ, പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകരായ ഷിഹാബ് മങ്ങാടന്‍, നിയാസ് നാരകത്ത് എന്നിവര്‍ ഫാക്ടറി ഉടമയുമായി കൂടിയാലോചന നടത്തി. ലേബര്‍ ഓഫീസിലെ തൊഴില്‍ തര്‍ക്കപരിഹാര വിഭാഗം ഓഫീസര്‍ ഹസന്‍ അംബൂബയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉടന്‍ തന്നെ ഒന്നര മാസത്തെ ശമ്പളം നല്‍കാമെന്ന് ഫാക്ടറി ഉടമ സമ്മതിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ താല്‍ക്കാലികമായി ജോലിയില്‍ തിരിച്ചെത്താന്‍ തീരുമാനിച്ചു. ആവശ്യമായ രേഖകളുമായി വീണ്ടും ലേബര്‍ ഓഫീസില്‍ ഹാജരാകാനും കമ്പനി ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2023ല്‍ സമാനമായ രീതിയില്‍ കരാര്‍ ഉണ്ടായിരുന്നെങ്കിലും ഫാക്ടറി ഉടമ അത് പാലിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ കര്‍ശനമായ വ്യവസ്ഥകളോടെയാണ് ചര്‍ച്ചകള്‍ നടന്നത്. പ്രവാസി വെല്‍ഫെയര്‍ പ്രതിനിധികള്‍ മുതിര്‍ന്ന ലേബര്‍ ഓഫീസര്‍ മുഥ്‌ലഖ് ഖഹ്ത്വാനിയുമായും കൂടിക്കാഴ്ച നടത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ലേബര്‍ ഓഫീസര്‍മാരുടെ ഭാഗത്ത് നിന്ന് നീതിപൂര്‍വമായ ഇടപെടലാണ് ഉണ്ടായതെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ഉടന്‍ നടക്കാനിരിക്കുന്ന അന്തിമ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

Tags: