കുവൈത്തില്‍ കടുത്ത തണുപ്പ് മുന്നറിയിപ്പ്; പ്രദേശങ്ങളില്‍ താപനില മൂന്നു ഡിഗ്രിക്കും താഴെയിറങ്ങാന്‍ സാധ്യത
കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ കുവൈത്തിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം സംഭവിക്കുമെന്നും രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കുറഞ്ഞ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിനും താഴേക്ക് ഇടിയാന്‍ സാധ്യതയുണ്ടെന്നും, ഇതിന്റെ ഭാഗമായി മഞ്ഞ് ഉറഞ്ഞുകൂടുന്ന അവസ്ഥയും ശക്തമായ പൊടിക്കാറ്റും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള അത്യന്തം തണുത്ത വായുമണ്ഡലവും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള ശക്തമായ കാറ്റും രാജ്യത്തേക്ക് വ്യാപിക്കുന്നതാണ് കാലാവസ്ഥയില്‍ പെട്ടെന്ന് ഉണ്ടായ മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. ഇതിന്റെ സ്വാധീനഫലമായി മരുഭൂമി പ്രദേശങ്ങളിലെയും തുറസ്സായ മേഖലകളിലെയും തണുപ്പിന്റെ കാഠിന്യം ഏറെ ശക്തമായി അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍. രാത്രിയിലും പുലര്‍ച്ചെയും ചില പ്രദേശങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് സമീപം വരെ താഴാന്‍ സാധ്യതയുണ്ടെന്നും, കൃഷിയിടങ്ങളിലെയും തുറസ്സായ സ്ഥലങ്ങളിലെയും സസ്യങ്ങളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതുമൂലം കൃഷിത്തോട്ടങ്ങള്‍ക്കും വിളകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ശക്തമായ കാറ്റ് വീശുന്നതോടെ അന്തരീക്ഷത്തില്‍ പൊടി ഉയര്‍ന്ന് കാഴ്ചപരിധി ഗണ്യമായി കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹൈവേകള്‍ ഉള്‍പ്പെടെ വാഹനമോടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വേഗത നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്. പൊടിക്കാറ്റും ഉയര്‍ന്ന ഈര്‍പ്പനിലയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആസ്ത്മ, അലര്‍ജി രോഗികള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പുറത്തുപോകേണ്ടിവന്നാല്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വാകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും കുട്ടികള്‍, വയോധികര്‍, തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കാലാവസ്ഥയിലെ തുടര്‍വികാസങ്ങളെക്കുറിച്ചുള്ള പുതുക്കിയ വിവരങ്ങള്‍ ഔദ്യോഗിക അറിയിപ്പുകളിലൂടെ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
