സൗദിയില്‍ കനത്ത മഴ മുന്നറിയിപ്പ്; ഈദ് നിസ്‌കാരത്തിന് പള്ളികളില്‍ പുതിയ ക്രമീകരണം
റിയാദ്: രാജ്യത്തെ വിവിധ മേഖലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യതയെ തുടര്‍ന്ന് ഈദുല്‍ ഫിത്ത്വര്‍ നിസ്‌കാരത്തിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളില്‍ പതിവായി തുറസ്സായ മൈതാനങ്ങളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ ഒഴിവാക്കി പള്ളികളില്‍ വച്ച് നിസ്‌കാരം നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജുമാ മസ്ജിദുകളിലും മറ്റ് അനുയോജ്യമായ പള്ളികളിലും വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കും.
വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കാലാവസ്ഥാ വ്യതിയാനത്തെ മുന്‍നിര്‍ത്തി പ്രാദേശിക അധികാരികള്‍ പുറത്തിറക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും വിശ്വാസികളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.