ഖത്തറില്‍ മഴയും തണുപ്പും; ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

Update: 2025-12-17 10:15 GMT

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും തുടര്‍ച്ചയായി മഴ ലഭിച്ചു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച മഴ പല പ്രദേശങ്ങളിലായി രാവിലെയോടെ വരെ തുടര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയതും ഭാഗികവുമായ മഴ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റ് ബേ, സൂഖ് വാഖിഫ്, ആല്‍ റയ്യാന്‍, വക്‌റ, അല്‍ സദ്ദ്, തുമാമ, മുംതസ, ഓള്‍ഡ് എയര്‍പോര്‍ട്ട്, നജ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്. വടക്ക്-കിഴക്ക് ദിശയില്‍ നിന്നുള്ള നേരിയ കാറ്റ് മഴയ്ക്കിടെ ശക്തിപ്രാപിക്കുകയും ആകാശം പൂര്‍ണമായും മേഘാവൃതമായ നിലയില്‍ തുടരുകയും ചെയ്തതായാണ് കാലാവസ്ഥ വകുപ്പിന്റെ റിപോര്‍ട്ട്.

അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്ത് താപനിലയില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഖത്തര്‍ കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, അല്‍ ഗുവൈരിയ സ്‌റ്റേഷനില്‍ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. തലസ്ഥാനമായ ദോഹയില്‍ 21 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തെ തുടര്‍ന്ന് അടുത്ത വെള്ളിയാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിനോടൊപ്പം ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സാധാരണയായി മൂന്നു മുതല്‍ ഏഴ് അടിവരെ ഉയരുന്ന തിരമാലകള്‍, ഇടിമിന്നലോടെയുള്ള മഴയ്ക്കിടെ 10 അടിവരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യര്‍ഥിച്ചു.

Tags: