2029ല്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ദുബയ് മെട്രോ ബ്ലൂ ലൈന്‍

Update: 2025-09-09 11:26 GMT

ദുബയ്: ദുബയ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ ഭാഗമായി സെന്റര്‍ പോയിന്റ് സ്‌റ്റേഷന്‍ പരിസരത്ത് ഗതാഗത തിരിച്ചുവിടല്‍ ആരംഭിച്ചതായി ദുബയ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. വിമാനത്താവളം റോഡില്‍നിന്ന് സ്‌റ്റേഷന്റെ ബഹുനില പാര്‍ക്കിംഗിലേക്ക് പോകുന്ന വഴി അടച്ചിരിക്കുമെന്നും യാത്രക്കാര്‍ ബോര്‍ഡുകള്‍ പ്രകാരം നിര്‍ദേശിച്ചിട്ടുള്ള വഴികള്‍ പിന്തുടരണമെന്നും ആര്‍ടിഎ നിര്‍ദേശിച്ചു.

2029 സെപ്റ്റംബര്‍ 9നു സര്‍വീസ് ആരംഭിക്കുന്ന ബ്ലൂ ലൈന്‍ മെട്രോ, നഗരത്തിലെ താമസ മേഖലകളെയും ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തെയും വെറും 20 മിനിറ്റില്‍ ബന്ധിപ്പിക്കുമെന്നതാണ് പദ്ധതിയുടെ ഹൈലൈറ്റ്. നഗരത്തിലെ ഗതാഗത തിരക്ക് 20 ശതമാനം കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വിപുലീകരണത്തില്‍ ആകെ 14 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടെ ദുബയ് മെട്രോയുടെ ആകെ ദൂരം 131 കിലോമീറ്ററായും സ്‌റ്റേഷനുകളുടെ എണ്ണം 78മായും ഉയരും. 28 ട്രെയിനുകളുള്ള ബ്ലൂ ലൈന്‍, 2030ഓടെ ദിവസേന രണ്ടുലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും. 2040ഓടെ ഈ എണ്ണം 3.2 ലക്ഷത്തോളം ഉയരുമെന്നാണ് പ്രതീക്ഷ.

മിര്‍ദിഫ്, അല്‍ വര്‍ഖ, ഇന്റര്‍നാഷണല്‍ സിറ്റി 1, 2, ദുബായ് സിലിക്കണ്‍ ഒയാസിസ്, അക്കാദമിക് സിറ്റി, റാസ് അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ദുബയ് ക്രീക്ക് ഹാര്‍ബര്‍, ദുബയ് ഫെസ്റ്റിവല്‍ സിറ്റി എന്നിവയുള്‍പ്പെടെ ഒമ്പത് പ്രധാന മേഖലകളെ ബ്ലൂ ലൈന്‍ ബന്ധിപ്പിക്കും. ദുബയ് 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 10 ലക്ഷത്തിലധികം ജനസംഖ്യയ്ക്ക് ഗുണകരമായ ഗതാഗത സൗകര്യം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

14 സ്‌റ്റേഷനുകളില്‍ മൂന്ന് പ്രധാന ഇന്റര്‍ചേഞ്ച് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ ജദ്ദാഫിലെ ക്രീക്ക് സ്‌റ്റേഷന്‍ ഗ്രീന്‍ ലൈനുമായി, അല്‍ റഷിദിയയിലെ സെന്റര്‍ പോയിന്റ് സ്‌റ്റേഷന്‍ റെഡ് ലൈനുമായി, ഇന്റര്‍നാഷണല്‍ സിറ്റി 1 സ്‌റ്റേഷന്‍ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കും. ഇതിനു പുറമെ ദുബയ് ക്രീക്ക് ഹാര്‍ബറില്‍ ഐകോണിക് സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതായും ആര്‍ടിഎ വ്യക്തമാക്കി.

ഒമ്പത് എലിവേറ്റഡ് സ്‌റ്റേഷനുകളും അഞ്ചു ഭൂഗര്‍ഭ സ്‌റ്റേഷനുകളും ഉള്‍പ്പെടുന്ന ബ്ലൂ ലൈന്‍, മണിക്കൂറില്‍ 46,000 പേര്‍ക്ക് ഇരുവശത്തേക്കും യാത്ര ചെയ്യാനാകുന്ന സംവിധാനവുമായാണ് നിര്‍മ്മിക്കുന്നത്. നഗരത്തിലെ ഗതാഗത തിരക്ക് കാര്യമായി കുറയ്ക്കുമെന്ന് ആര്‍ടിഎ പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: