ദിർഹം 25 രൂപ കടന്നു; രൂപയുടെ റെക്കോർഡ് ഇടിവ്

Update: 2026-03-04 12:30 GMT


ദുബയ്: യുഎഇ ദിർഹത്തിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഗൾഫ് പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ അനുകൂല സാഹചര്യം രൂപപ്പെട്ടു. ഇന്ന് രാവിലെ വിനിമയ നിരക്ക് ഒരു ദിർഹത്തിന് 25.05 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 24.85 രൂപയായിരുന്നു.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ഡോളറിനെതിരേ രൂപ ദുർബലമായതുമാണ് നിരക്കിലെ ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. ബാരലിന് 82 ഡോളറിന് മുകളിലേക്ക് എണ്ണവില ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിക്കുമെന്ന ആശങ്കയും ശക്തമാക്കിയിട്ടുണ്ട്. ഇതോടെ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് 1000 ദിർഹം നാട്ടിലേക്ക് അയക്കുമ്പോൾ ഏകദേശം 25,040 രൂപ ലഭിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ ഇതേ തുകയ്ക്ക് ലഭിച്ചിരുന്നത് ഏകദേശം 24,500 രൂപയായിരുന്നു. ചുരുങ്ങിയ ആഴ്ചകളിൽ തന്നെ അയക്കുന്ന തുകയ്ക്ക് ഗണ്യമായ വർധനവുണ്ടായിരിക്കുന്നത് ശ്രദ്ധേയമാണ്.

റമദാനും പെരുന്നാളുമായി ബന്ധപ്പെട്ട ചെലവുകൾ മുന്നിൽ കണ്ട് പണം അയയ്ക്കാൻ കാത്തിരുന്ന പ്രവാസികൾക്ക് നിലവിലെ നിരക്ക് ആശ്വാസകരമാണ്. രൂപയുടെ മൂല്യം ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ ചിലർ കൈവശമുള്ള തുക മുഴുവനായും അയയ്ക്കാതെ ഒരു ഭാഗം മാത്രം അയച്ച് ശേഷിക്കുന്ന തുക നിരക്കിലെ മാറ്റങ്ങൾ നിരീക്ഷിച്ച് മാറ്റിവെക്കുന്ന സമീപനവും സ്വീകരിക്കുന്നതായി വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Tags: