സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും വിലക്ക്; കര്‍ശന മുന്നറിയിപ്പുമായി ബഹ്‌റയ്ന്‍ ഡിഫന്‍സ് ഫോഴ്‌സ്
മനാമ: രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സൈനിക നടപടികള്‍, വാഹന വ്യൂഹങ്ങളുടെ നീക്കം, സൈനിക യൂണിറ്റുകളുടെ സ്ഥാനങ്ങള്‍ എന്നിവ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ബഹ്‌റയ്ന്‍ ഡിഫന്‍സ് ഫോഴ്‌സ് (ബിഡിഎഫ്) ജനറല്‍ കമാന്‍ഡ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. നിലവിലെ അസാധാരണ സാഹചര്യങ്ങളും രാജ്യത്തിന്റെ സുപ്രധാന താല്‍പ്പര്യങ്ങളും കണക്കിലെടുത്താണ് ഈ നടപടി.
സൈനിക കേന്ദ്രങ്ങള്‍, പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവ പകര്‍ത്തുകയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ പങ്കുവെക്കുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്നതോ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കാന്‍ സഹായിക്കുന്നതോ ആയ ഇത്തരം പ്രവൃത്തികള്‍ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ബിഡിഎഫ് മുന്നറിയിപ്പ് നല്‍കി.
എല്ലാ പൗരന്മാരും താമസക്കാരും തങ്ങളുടെ ദേശീയ ഉത്തരവാദിത്തം മനസ്സിലാക്കി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ബിഡിഎഫ് അഭ്യര്‍ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും സൈനിക കേന്ദ്രങ്ങളുടെയും വാഹനവ്യൂഹങ്ങളുടെയും സമീപത്ത് നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പ്രതിരോധ സേന നിര്‍ദേശിച്ചു.