കുവൈത്ത് അഹ്‌മദിയിലെ വ്യവസായ മേഖലയില്‍ തീപിടിത്തം

Update: 2026-01-11 06:01 GMT

കുവൈത്ത് സിറ്റി: അഹ്‌മദിയിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ തീപിടിത്തം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതോടെ അഗ്‌നിശമന സേന അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജനറല്‍ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ തലാല്‍ മുഹമ്മദ് അല്‍ റോമിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു തീ അണയ്ക്കാനുള്ള നടപടികള്‍.

തീപിടിത്തമുണ്ടായ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ടാങ്കുകളിലേക്കും തീ പടര്‍ന്നതോടെ പ്രദേശത്ത് വലിയ തോതില്‍ പുകയും ആശങ്കയും നിലനിന്നു. എന്നാല്‍ ശക്തമായ ഇടപെടലിലൂടെ തീ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേന അറിയിച്ചു. സംഭവത്തില്‍ ഗുരുതര പരിക്കുകളോ ആളപായമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

അഹ്‌മദി, ഫഹാഹീല്‍, അബ്ദുല്ല പോര്‍ട്ട്, കുവൈത്ത് ഓയില്‍ കമ്പനി, അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സ്ഥലസുരക്ഷ ഉറപ്പാക്കല്‍, ഗതാഗതം ക്രമീകരിക്കല്‍, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കല്‍ എന്നിവയ്ക്കായി ആഭ്യന്തര മന്ത്രാലയം, മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗം, പൊതുമരാമത്ത് മന്ത്രാലയം തുടങ്ങിയ വകുപ്പുകളും സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags: