ജിദ്ദയില്‍ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും

Update: 2026-01-13 09:23 GMT

ജിദ്ദ: നഗരത്തിലെ റുവൈസ് ജില്ലയില്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ജിദ്ദ മുനിസിപ്പാലിറ്റി ആരംഭിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുകയും നഗരപരിസ്ഥിതി മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയുടെ ഭാഗമായാണ് നടപടി. ആദ്യഘട്ടത്തില്‍ അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയ 1,011 കെട്ടിടങ്ങളെയാണ് നീക്കം ചെയ്യുന്നത്. ഇന്ന് മുതല്‍ ഇവിടങ്ങളില്‍ വൈദ്യുതി, ജലം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ സേവനങ്ങള്‍ ഘട്ടം ഘട്ടമായി വിച്ഛേദിക്കും. തുടര്‍ന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും.

കെട്ടിട ഉടമകള്‍ക്ക് ആവശ്യമായ നില മെച്ചപ്പെടുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി ഗ്രേസ് പീരീഡ് അനുവദിച്ചതിന് ശേഷമാണ് പൊളിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുക, നഗരത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുക, സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാപന നടപടികള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് വിഭാഗം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി ഏകോപിപ്പിച്ചായിരിക്കും സേവനങ്ങള്‍ വിച്ഛേദിക്കുന്ന നടപടികള്‍ നടപ്പാക്കുക. ജിദ്ദ ഗവര്‍ണറേറ്റിന്റെ പരിധിയില്‍ വരുന്ന മറ്റു ജില്ലകളിലും പൊതുസുരക്ഷയ്ക്ക് ഭീഷണിയായ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: