ബഹ്റൈന്‍ മെട്രോ: ഒന്നാം ഘട്ട നിര്‍മാണത്തിനുള്ള പ്രാഥമിക പ്രവൃത്തികള്‍ക്ക് തുടക്കം
മനാമ: ബഹ്റൈന്‍ മെട്രോയുടെ ഒന്നാം ഘട്ട നിര്‍മാണത്തിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഗതാഗതവും വാര്‍ത്താവിനിമയവും മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ സീഫ് ഡിസ്ട്രിക്റ്റുമായി ബന്ധിപ്പിക്കുന്ന ആദ്യ പാതയുടെയും ജുഫൈറിനെ ഇസ ടൗണുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാതയുടെയും ഒരുക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് മന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു. ഗതാഗത സംവിധാനത്തില്‍ മാറ്റം കൊണ്ടുവരുന്ന ഈ പദ്ധതി റോഡുകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കല്‍, ട്രാക്ക് സ്ഥാപിക്കേണ്ട മേഖലകള്‍ നിര്‍ണയിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
മൊത്തം 109 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ ശൃംഖലയുടെ ഒന്നാം ഘട്ടത്തില്‍ രണ്ടു പാതകളിലായി 29 കിലോമീറ്റര്‍ നിര്‍മിക്കും. ഇതില്‍ 20 അത്യാധുനിക സ്റ്റേഷനുകള്‍ ഉള്‍പ്പെടും. വിമാനത്താവളത്തില്‍നിന്ന് മനാമ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ വഴി സീഫ് ഡിസ്ട്രിക്റ്റിലേക്ക് നീളുന്ന റെഡ് ലൈനും ജുഫൈറില്‍നിന്ന് സല്‍മാനിയ വഴി ഇസ ടൗണ്‍ എഡ്യൂക്കേഷണല്‍ ഏരിയയിലേക്ക് പോകുന്ന ബ്ലൂ ലൈനും ആദ്യ ഘട്ടത്തില്‍ യാഥാര്‍ഥ്യമാകും. മനാമയിലെ ബാബ് അല്‍ ബഹ്റൈന്‍, സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപമുള്ള അല്‍ ഫാറൂഖ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഇന്റര്‍ചേഞ്ച് സൗകര്യവും ഒരുക്കും.
പൂര്‍ണമായും ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനമാണ് മെട്രോയില്‍ ഉപയോഗിക്കുന്നത്. ദിവസേന രണ്ടുലക്ഷം യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുള്ള ഈ പദ്ധതി ബഹ്റൈന്റെ 'ഇക്കണോമിക് വിഷന്‍ 2030'ന്റെ ഭാഗമായാണ് നടപ്പാക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പാക്കുന്ന പദ്ധതിയുടെ കരാര്‍ നടപടികള്‍ അവസാനഘട്ടത്തിലാണെന്നും അന്തിമ ഡിസൈന്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ ആകെ നിര്‍മാണ ചെലവ് വ്യക്തമാകുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.
വിപണിയിലെ നിലവിലെ മാറ്റങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പദ്ധതിയുടെ അന്തിമ സാമ്പത്തിക രൂപരേഖ തയ്യാറാക്കുക. ഭാവിയില്‍ ജിസിസി റെയില്‍വേ ശൃംഖലയുമായി ബഹ്റൈന്‍ മെട്രോയെ ബന്ധിപ്പിക്കുന്നതിനുള്ള ആസൂത്രണവും പുരോഗമിക്കുകയാണ്. ബഹ്റൈന്‍ മെട്രോയും ജിസിസി റെയില്‍വേയും വ്യത്യസ്ത പദ്ധതികളായിരുന്നാലും ഭാവിയില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കാനുള്ള ഏകോപിത ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

