ഖസബ്: ഖസബ് നഗരത്തില്‍ കൃത്രിമ മഴ സ്‌റ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായി. മുസന്ദ് ഗവര്‍ണറേറ്റ് പ്രദേശത്തെ മഴയുടെ അളവ് വര്‍ധിപ്പിക്കുകയും ഭൂഗര്‍ഭജല ശേഖരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാര്‍ഷിക മല്‍സ്യബന്ധന ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഭൗമശാസ്ത്ര വിവരങ്ങളും കാലാവസ്ഥാ ഘടകങ്ങളും പരിഗണിച്ച് സ്‌റ്റേഷന്റെ സ്വാധീന പരിധി വടക്കുപടിഞ്ഞാറും തെക്കുഭാഗത്തുമായി ഏകദേശം 70 കിലോമീറ്റര്‍ വരെ വ്യാപിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ലക്ഷ്യമിട്ട മേഖലകളില്‍ മേഘസംഘടന പ്രോല്‍സാഹിപ്പിച്ച് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ മഴ സാധ്യത വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയായി കണക്കാക്കപ്പെടുന്ന അയോണൈസേഷന്‍ സംവിധാനമാണ് ഒമാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വായുവിലേക്ക് നെഗറ്റീവ് അയോണുകള്‍ പുറപ്പെടുവിച്ച് മേഘങ്ങളെ ഘനീഭവിപ്പിക്കുകയും തുടര്‍ന്ന് മഴ പെയ്യാന്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. നിലവില്‍ രാജ്യത്തുടനീളം 14 കൃത്രിമ മഴ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖസബിലെ പുതിയ സ്‌റ്റേഷനു പുറമെ ഹജര്‍ മലനിരകളുടെ കിഴക്കന്‍പടിഞ്ഞാറന്‍ മേഖലകളിലായി 11 സ്‌റ്റേഷനുകളും ദോഫാര്‍ ഗവര്‍ണറേറ്റിലെ മലനിരകളില്‍ രണ്ടു സ്‌റ്റേഷനുകളും പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം പദ്ധതിയിലൂടെ രാജ്യത്തെ വാര്‍ഷിക മഴയില്‍ ഏകദേശം 15 മുതല്‍ 18 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. മലനിരകള്‍ പോലുള്ള പ്രാപ്യമല്ലാത്ത പ്രദേശങ്ങളില്‍ ക്ലൗഡ് സീഡിംഗിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
