കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവ്; വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

Update: 2018-09-14 09:20 GMT


തിരുവനന്തപുരം: കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടങ്കുളത്ത് നിന്നും 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ ലോവര്‍പെരിയാര്‍, പന്നിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുതി നിലയങ്ങളും മറ്റ് നാല് ചെറുകിട നിലയങ്ങളും കൂടാതെ കുത്തുങ്കല്‍, മണിയാര്‍ അടക്കമുള്ള സ്വകാര്യ വൈദ്യുത നിലയങ്ങളും പ്രളയത്തെ തുടര്‍ന്ന് തകരാറിലായിരിക്കുകയാണ്. ഇവ പുനര്‍നിര്‍മിച്ച് ഉല്പാദനം പുനരാരംഭിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയില്‍ എകദേശം 700 മെഗാവാട്ടിലധികം കുറവിലേക്ക് നയിച്ചിട്ടുണ്ട്. ഈ കുറവ് കമ്പോളത്തില്‍ നിന്നും വാങ്ങി പരിഹരിക്കാന്‍ ശമങ്ങളും ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലെ ഉപയോഗത്തിനനുസരിച്ചുള്ള വൈദ്യുതി ലഭ്യമാകാതെ വന്നാല്‍ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ പവര്‍ കട്ട് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ ചെറിയ തോതില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Similar News