പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം നാളെ കല്‍പ്പറ്റയില്‍

Update: 2018-10-14 06:31 GMT
കല്‍പ്പറ്റ: ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ ആരോഗ്യ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കല്‍പ്പറ്റയില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് 4ന് ഗൂഡലായി ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഫല്‍ഗ് ഓഫ് ചെയ്യും. വിജയ പമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം കെ മുഹമ്മദലി അധ്യക്ഷത വഹിക്കും. സംസ്ഥാന സമിതി അംഗങ്ങളായ ടി കെ അബ്ദുസ്സമദ്, യഹിയ തങ്ങള്‍, സി എ റഊഫ്, അര്‍ഷദ് നദ്‌വി, ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ് പങ്കെടുക്കും. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും യോഗ പ്രദര്‍ശനവും തുടര്‍ന്ന് നടക്കും. നാളെ മുതല്‍ 31 വരെ നടക്കുന്ന കാംപയിനില്‍ കായിക മേളകള്‍, യോഗ ക്ലാസുകള്‍, ആരോഗ്യ ബോധവല്‍ക്കരണം, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
വ്യായാമശീലം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ജീവിതശൈലീ രോഗങ്ങളെ തടയാനുള്ള ബോധവല്‍ക്കരണം നടത്തുകയെന്നതാണ് കാംപയിനിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്രട്ടറി എസ് മുനീര്‍, പിആര്‍ഒ മുഹമ്മദ് ആസിഫ്, ജില്ലാ കമ്മിറ്റി അംഗം പി ഷമീര്‍, കല്‍പ്പറ്റ ഡിവിഷന്‍ സെക്രട്ടറി ജാഫര്‍ എം പങ്കെടുത്തു.