മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിപ്പിച്ചു

Update: 2018-10-07 16:04 GMT


പാലക്കാട്: മുടി നീട്ടി വളര്‍ത്തിയ ആദിവാസി യുവാക്കളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിപ്പിച്ചതായി പരാതി. സംഭവത്തെത്തുടര്‍ന്ന് പാലക്കാട് മീനാക്ഷിപുരം എസ്‌ഐയെ സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
മീനാക്ഷിപുരത്തിനടുത്ത് മൂലത്തറയില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ മൂലത്തറ സ്വദേശകളായ സഞ്ജയ്, നിധീഷ് എന്നിവരെയാണ് പോലിസ് മൊട്ടയടിപ്പിച്ചത്. ഉത്സവസ്ഥലത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഇവരെ നീട്ടിവളര്‍ത്തിയ മുടി മുറിച്ച ശേഷം വീട്ടില്‍ പോയാല്‍ മതിയെന്ന് എസ്‌ഐ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ വിനോദും രണ്ട് പോലീസുകാരും ചേര്‍ന്ന് പോലീസ് ജീപ്പില്‍ ഇവരെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മൊട്ടയടിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം യുവാക്കള്‍ പാലക്കാട് പോലീസ് മേധാവിക്ക് പരാതിനല്‍കിയതോടെയാണ് എസ്‌ഐയ്‌ക്കെതിരെ നടപടിയുണ്ടായത്. കല്ലേക്കാട് എആര്‍ ക്യാമ്പിലേക്കാണ് എസ് ഐ യെ സ്ഥലംമാറ്റിയത്. സംഭവത്തെക്കുറിച്ച് 48 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

Similar News