ശബരിമല: സര്‍ക്കാരിന്റെ സമവായ നീക്കം പാളി; തന്ത്രി കുടുംബം ചര്‍ച്ചയില്‍ നിന്ന് പിന്‍മാറി

Update: 2018-10-07 04:38 GMT
തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടത്താനിരുന്ന സമവായ ചര്‍ച്ച പാളി. നാളെ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തുമെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ തല്‍ക്കാലം ചര്‍ച്ചക്കില്ലെന്ന് തന്ത്രി കുടുംബം അറിയിച്ചതോടെയാണിത്. പുനപരിശോധന ഹരജി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായ ശേഷം ചര്‍ച്ചയെ കുറിച്ച് തീരുമാനിക്കാമെന്നാണ് തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്.



വിഷയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയസംഘടനകള്‍ സര്‍ക്കാരിനെതിരേ വിശ്വാസികളെ അണിനിരത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയുണ്ട്. മാത്രവുമല്ല മധ്യതിരുവിതാംകൂറില്‍ വൈകാരിക പ്രക്ഷോഭത്തിന് പന്തളം രാജകുടുംബത്തില്‍ നിന്നടക്കം നീക്കം ആരംഭിച്ചതോടെയാണ് പൊടുന്നനെയുള്ള സര്‍ക്കാരിന്റെ അനുനയചര്‍ച്ച. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഇന്നലെ തന്ത്രികുടുംബം പ്രതിനിധികള്‍ ചര്‍ച്ചനടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി മുഖ്യമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങുകയായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക അജണ്ടകളൊന്നുമില്ലെന്ന് തന്ത്രികുടുംബത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ എടുത്തുചാടിയുള്ള നടപടികളിലേക്ക് നീങ്ങുന്നുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപം കോണ്‍ഗ്രസ്സും ബിജെപിയും ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങളും ഇതുവഴി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ്് സിപിഎം കണക്കുകൂട്ടല്‍.

Similar News