താനൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ആര്‍എസ് എസ് സംഘം ആക്രമിച്ചു

Update: 2018-10-18 07:15 GMT


പരപ്പനങ്ങാടി: ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനു നേരെ വധശ്രമം. താനൂര്‍ ശോഭ പറമ്പിന് സമീപത്ത് വെച്ച്
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മൂലക്കല്‍ ശംസുവിനെ ആര്‍എസ് എസ് സംഘം ആക്രമിക്കുകയായിരുന്നു. മരംവെട്ട് ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോഴാണ് മാരകായുധങ്ങളുമായി ഇദ്ദേഹത്തെ ആക്രമിച്ചത്. റോഡില്‍ വീണ് കിടന്ന ശംസുവിനെ പോലീസ് എത്തിയാണ് തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ചത്.
തലക്ക് പരിക്ക് പറ്റി കിടന്ന ശംസുവിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ആദ്യം താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടിരുത്തി. നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ട് പോവാന്‍ പോലീസ് തയ്യാറായത് . ഒപി ടിക്കറ്റടുത്ത് വരാമെന്ന് പറഞ്ഞ് ശംസുവിനെ ആശുപത്രിയില്‍ കൊണ്ടിട്ട് പോലീസ് മുങ്ങുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകരെത്തിയതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ തുടര്‍ നടപടി സ്വീകരിച്ചത്. തലക്ക് ഗുരുതര പരിക്കാണ് ശംസുവിനുള്ളത്.