പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊല: സാക്ഷി പറയാന്‍ പോയ മക്കള്‍ക്കുനേരെ വെടിവെപ്പ്

Update: 2018-09-29 13:23 GMT


ജയ്പൂര്‍: പെഹ്‌ലു ഖാന്‍ ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ സാക്ഷി പറയാന്‍ പോയ മക്കള്‍ക്കു നേരെ വെടിവെപ്പ്. സ്‌കോര്‍പ്പിയോ വാനില്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ അസദ് ഹയത് പറഞ്ഞു. ശനിയാഴ്ച രാവിലെ അല്‍വാര്‍ ദേശീയ പാത എട്ടിലായിരുന്നു സംഭവം. പെഹ്‌ലു ഖാന്റെ മകന്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ സഞ്ചരിച്ച വാഹനത്തിനുനേരെയാണ് ആക്രമണം നടന്നത്. കേസില്‍ പെഹ്‌ലു ഖാന്റെ മക്കളായ ഇര്‍ഷാദ്, അറിഫ്, മറ്റു സാക്ഷികളായ അസ്മത്ത്, റഫീഖ്, ഡ്രൈവര്‍ അംജദ്, അഭിഭാഷകന്‍ അസദ് ഹയത് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. നമ്പര്‍ പ്രേറ്റില്ലാത്ത കറുത്ത സ്‌കോര്‍പിയോ കാറിലെത്തിയവര്‍ ഇവരുടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയതിനാല്‍ വാഹനം നിര്‍ത്തിയില്ല. 'വാഹനം അടുത്തെത്തിയതോടെ അതിലുണ്ടായിരുന്നവര്‍ തങ്ങളെ ചീത്തവിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ഞങ്ങളെ ഓവര്‍ടേക്ക് ചെയ്തശേഷം വെടിയുതിര്‍ക്കുകയായിരുന്നു.' ഇര്‍ഷാദ് പറയുന്നു.
വാഹനം പെട്ടെന്ന് നിര്‍ത്തി തിരിച്ചു പോന്നത് കൊണ്ടാണ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് വാഹനത്തിലുണ്ടായിരുന്ന അഭിഭാഷകന്‍ പറഞ്ഞു. വാഹനം തിരിച്ചിട്ടും അക്രമികള്‍ തങ്ങളെ പിന്തുടര്‍ന്നു. പിന്നീട് മറ്റൊരു വഴിയിലൂടെ അല്‍വാറിലെത്തി എസ്പിയുടെ സഹായം തേടുകയായിരുന്നു. ബെഹ്‌റോര്‍ പോലിസില്‍ വിശ്വാസം ഇല്ലാത്തതിനാലാണ് നേരിട്ട് എസ്പിയുടെ സഹായം തേടിയതെന്ന് ഇര്‍ഷാദ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷയുടെ പേരില്‍ അല്‍വാറിനെ ക്രിമിനലുകള്‍ തല്ലിക്കൊന്നത്. ആക്രമണം നടക്കുന്ന സമയത്ത് പെഹ്‌ലു ഖാനൊന്നും ഇര്‍ഷാദും ആരിഫും ഉണ്ടായിരുന്നു.

Similar News