സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ പരിശുദ്ധകളാണോയെന്ന് അറിയാം : പിസിജോര്‍ജ്

Update: 2018-09-08 13:26 GMT


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ അടക്കമുള്ളവരെ പരസ്യമായി അധിക്ഷേപിച്ച് പി സി ജോര്‍ജ് എംഎല്‍എ. കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നും, പരാതി ഉണ്ടായിരുന്നെങ്കില്‍ കന്യാസ്ത്രീ ആദ്യമായി പീഡനം നടന്നപ്പോള്‍ പറയണമായിരുന്നുവെന്നും ജോര്‍ജ്് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. മുമ്പുണ്ടായിരുന്ന ബിഷപ്പിന്റെ കാലത്ത് തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. അതാണ് സംശയത്തിനിടയാക്കുന്നത്. കന്യാസ്ത്രീയുടെ ഉദ്ദേശമെന്താണെന്ന് പരസ്യമായി പറയുന്നില്ല. പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രീക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്ന ദിവസംതന്നെ അവര്‍ കന്യകയല്ലാതായി. കന്യാസ്ത്രീ ചെയ്തത് പാപമാണ്. ബിഷപ്പ് തെറ്റുചെയ്തിട്ടില്ലെന്ന അഭിപ്രായമില്ല. പക്ഷേ, ബിഷപ്പും കന്യാസ്ത്രീയും ചെയ്ത കാര്യങ്ങള്‍ തൂക്കിനോക്കിയാല്‍ സ്ത്രീയെന്ന പരിഗണന നല്‍കിയാല്‍പോലും കന്യാസ്ത്രീയുടെ തട്ട് താഴ്ന്നുതന്നെ ഇരിക്കും. ബിഷപ്പിനേക്കാള്‍ കുഴപ്പക്കാരിയാണ് കന്യാസ്ത്രീ. പീഡനം തെളിഞ്ഞാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും തിരുവസ്ത്രമൊഴിഞ്ഞ് സഭയോട് മാപ്പുപറയണം.
കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും രൂക്ഷമായ ഭാഷയിലാണ് പി സി ജോര്‍ജ് അവഹേളിച്ചത്. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു ജോര്‍ജിന്റെ വിമര്‍ശനം. പല പുരുഷന്‍മാരെയും കുടുക്കാന്‍ സ്ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. വിന്‍സെന്റ് എംഎല്‍എ ജയിലില്‍ കിടന്നതുപോലെ പി കെ ശശി എംഎല്‍എ ജയിലില്‍ കിടക്കുന്നതിനോട് യോജിപ്പില്ല. തന്റേടമുണ്ടെങ്കില്‍ യുവതി പോലിസില്‍ പരാതി നല്‍കണം. കുറ്റം തെളിഞ്ഞാല്‍ എംഎല്‍എയെ ശിക്ഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്‍മാര്‍ക്കെതിരെയുള്ള പീഡനക്കേസില്‍ കേരളാ പോലിസ് അന്വേഷണം നടത്തുന്നത് പോലിസിന് വേറെ പണിയില്ലാത്തുതൊണ്ടാണ്. സ്വവര്‍ഗരതി സുപ്രിംകോടതി വിധി നിയമവിധേയമാക്കിയാല്‍ അടുത്ത തലമുറയുണ്ടാവില്ല. പ്രകൃതി വിരുദ്ധ പീഡനത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരോട് എന്തുപറയുമെന്നും ജോര്‍ജ് ചോദിച്ചു.