ബിജെപിയുടെ മുതലെടുപ്പ് തന്ത്രം പാളുന്നു; ആരുടേയും കൊടിക്ക് കീഴില്‍ സമരത്തിനില്ലെന്ന് പന്തളം കൊട്ടാരം

Update: 2018-10-11 11:02 GMT

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ മറവില്‍ കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപി തന്ത്രം പാളുന്നു. സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപിച്ച് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ ഈഴവരും കെപിഎംഎസ്സും സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന സമരത്തില്‍ നിന്ന് പിന്‍മാറി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് സംഘ്പരിവാര്‍ നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമാണെന്ന് വ്യക്തമായതോടെ വിശ്വാസി സമൂഹവും ബിജെപി നേതൃത്വം നല്‍കുന്ന സമരത്തില്‍ നിന്ന് വിട്ടു നിന്നു. അതിനിടെ ബിജെപിയുടെ മുതലെടുപ്പ് തന്ത്രത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് പന്തളം കൊട്ടാരവും സമരത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. ആരുടേയും കൊടിക്ക് കീഴില്‍ സമരത്തിനില്ലെന്ന് പന്തളം രാജകുടുംബം വ്യക്തമാക്കിയതോടെ ബിജെപിയുടെ മുതലെടുപ്പ് തന്ത്രം പാളിയിയിരിക്കുകയാണ്. എന്‍ഡിഎയുടെ ലോങ് മാര്‍ച്ച് നടക്കുന്ന സന്ദര്‍ഭത്തിലുള്ള കൊട്ടാരത്തിന്റെ നിലപാട് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നടക്കുന്ന സമരത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം രാജകുടുംബാംഗവും മുന്‍ ട്രസ്റ്റ് പ്രസിഡന്റുമായ ശശികുമാര വര്‍മ്മയാണ് അറിയിച്ചത്. ഒരു കൊടിയുടെ കീഴിലും സമരത്തിന് പോകില്ല. കൊടിയുടെ കീഴില്‍ പോയാല്‍ പിന്നെ തങ്ങള്‍ പന്തളം കൊട്ടാരമല്ലെന്നും അദ്ദേഹം പറഞ്ഞു.