എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനം : ഉമ്മന്‍ചാണ്ടി

Update: 2018-09-20 12:01 GMT
തിരുവനന്തപുരം : എ.ഐ.സി.സിയുടെ തീരുമാനത്തെ എല്ലാവരും ഉള്‍ക്കൊള്ളുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കെ.പി.സി.സി പ്രസിഡന്റ് എന്നനിലയില്‍ മികച്ച പ്രവര്‍ത്തനമാണ് എം.എം.ഹസന്‍ നടത്തിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നടപ്പാക്കിയെന്ന് ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എ.ഐ.സി.സി പ്രഖ്യാപിച്ചത് പുതിയ ടീമാണ്. അതിന്റെ ക്യാപ്്റ്റനാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സിയെ നയിക്കാന്‍ കഴിവുള്ളവരാണ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി പ്രഖ്യാപിച്ച പുതിയ ടീമും. മറ്റുസംസ്ഥാനങ്ങളില്‍ നടത്തിവന്ന അതേ മാതൃക യിലാണ് എ.ഐ.സി.സി കേരളത്തിലും വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയോഗിച്ചത്. കെ.മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്‍കിയ അംഗീകരാണ് പുതിയ പദവി.
നേതാക്കള്‍ക്കും ഗ്രൂപ്പിനും പാര്‍ട്ടിയില്‍ പ്രസക്തിയില്ല. പാര്‍ട്ടിയാണു പ്രധാനം. അതിന്റെ ക്യാപ്റ്റനാണ് കെ.പി.സി.സി പ്രസിഡന്റ്. പുതിയ കെ.പി.സി.സി ഭാരവാഹികളെ സംബന്ധിച്ച തീരുമാനം പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും നേതാക്കളും ചേര്‍ന്ന് കൂടിയാലോചിച്ച് എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എത്രതവണ അന്വേഷിച്ചാലും ബാര്‍കോഴക്കേസില്‍ കെ.എം.മാണി കുറ്റവിമുക്തനായിരിക്കും. യു.ഡി.എഫിന്റെ കാലത്ത് ഒരു തവണയും എല്‍.ഡി.എഫിന്റെ കാലത്ത് രണ്ട് തവണയും അന്വേഷിച്ചു. എന്നിട്ടും ഒന്നും സംഭവിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Similar News