നജ്മല്‍ ബാബു(ടി എന്‍ ജോയ്) അന്തരിച്ചു

Update: 2018-10-02 15:51 GMT


കൊടുങ്ങല്ലൂര്‍: മുന്‍ നക്‌സല്‍ നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നജ്മല്‍ ബാബു(ടി എന്‍ ജോയ്-69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാത്രി എട്ടോടെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നജ്മല്‍ ബാബു തൈവാലത്ത് നീലകണ്ഠ ദാസന്‍-ദേവയാനി ദമ്പതികളുടെ മകനാണ്. 1970 കാലഘട്ടത്തില്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. തടവറയില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി. അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു.
അവിഭക്ത സിപിഐ(എംഎല്‍) സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം 2015 ഏപ്രിലില്‍ ഇസ്്‌ലാം മതം സ്വീകരിച്ചു. ഫാഷിസത്തിന്റെ ഒന്നാമത്തെ ഇര മുസ്്‌ലിംകള്‍ ആയതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് സത്യസന്ധമായ നിലപാടെന്ന് പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം ഇസ്്‌ലാംമതം സ്വീകരിച്ചത്. ജാതീയതക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് തന്റെ മതപരിവര്‍ത്തനമെന്നും നജ്മല്‍ ബാബു പ്രഖ്യാപിച്ചു.
നാളെ രാവിലെ ഒമ്പത് മുതല്‍ കൊടുങ്ങല്ലൂര്‍ മേത്തല ഹെല്‍ത്ത് സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ പോലിസ് സ്‌റ്റേഷന്‍ മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.
ബാലകൃഷ്ണന്‍ (പരേതന്‍), കുമാരന്‍ (പരേതന്‍), പ്രേമചന്ദ്രന്‍, മോഹനന്‍, രാജീവന്‍, വിമലദേവി, സുശീലദേവി, ഗീത, ഭാഗ്യം
സഹോദരങ്ങളാണ്.