മന്ത്രിമാരുടെ വിദേശയാത്ര: തീരുമാനം മാറ്റില്ലെന്ന് ഇ പി ജയരാജന്‍

Update: 2018-09-02 10:31 GMT

തിരുവനന്തപുരം: കേരളത്തെ ദുരിതത്തില്‍നിന്നു കരകയറ്റാനാണ് മന്ത്രിമാര്‍ വിദേശത്തേക്ക് പോകുന്നതെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി ഇ പി ജയരാജന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ വിദേശയാത്ര ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജന്റെ വിശദീകരണം. പ്രളയ ദുരിതാശ്വാസത്തിനു ധനം സമാഹരിക്കാനാണ് മന്ത്രിമാര്‍ പോകുന്നത്. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ സഹായം സമാഹരിക്കാം. ഈ മാസം 10 മുതല്‍ 15 വരെ മന്ത്രിമാര്‍ ജില്ലകളില്‍ കേന്ദ്രീകരിക്കും. വിദേശയാത്ര അതിനുശേഷം മാത്രമായിരിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.
ചികില്‍സയ്ക്കു യുഎസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എല്ലാ മന്ത്രിമാര്‍ക്കും ഓരോ ജില്ല നിശ്ചയിച്ചിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

Similar News