യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജിവച്ചു

Update: 2018-10-09 15:17 GMT


ന്യൂയോര്‍ക്ക്: യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജിവച്ചു. നിക്കി ഹാലിയുടെ രാജിക്കത്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അംബാസഡര്‍ ഹാലിയുമായി ബന്ധപപെട്ട വലിയൊരു പ്രഖ്യാപനം പുറത്തുവരാനുണ്ടെന്ന് ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
സൗത്ത് കാരലൈന മുന്‍ ഗവര്‍ണറായിരുന്ന ഹാലി നേരത്തേ ട്രംപിന്റെ വിമര്‍ശകയെന്ന രീതിയിലും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതിമാരുടെ മകളാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് യുഎനിലെ യുഎസ് നയതന്ത്ര പ്രതിനിധിയായി ചുമതലയേറ്റത്.
നിക്കി ഹാലിയുടെ രാജിക്കുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഹാലിയുടെ സ്വകാര്യ വിമാന യാത്രകള്‍ക്ക് കാരലൈനയില്‍ നിന്നുള്ള വ്യവസായി പണം നല്‍കിയെന്ന സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിളിറ്റി ആന്‍ഡ് എതിക്‌സ് എന്ന സംഘടനയുടെ ആരോപണം അടുത്തിടെ പുറത്തുവന്നിരുന്നു. സ്വരാര്യ വ്യവസായിയുടെ ചിലവില്‍ ആഡംബര വിമാനയാത്രകള്‍ നടത്തിയതോടെ ട്രംപ് ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ പാതയണ് ഹാലിയും പിന്തുടരുന്നതെന്നും സംഘടന അഭിപ്രായപ്പെട്ടിരുന്നു.