താല്‍ക്കാലികമായി അടച്ചിട്ട യുഎഇയുടെ വ്യോമപാത തുറന്നു

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് പുലര്‍ച്ചെയാണ് വ്യോമപാത അടച്ചത്

Update: 2026-03-17 04:28 GMT

അബുദാബി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യുഎഇക്കെതിരേ ഇറാന്‍ നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട യുഎഇയുടെ വ്യോമപാത തുറന്നു. സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇന്ന് പുലര്‍ച്ചെ താത്കാലികമായി അടച്ച യുഎഇ വ്യോമപാത വീണ്ടും തുറന്നതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു.

വ്യോമ ഗതാഗതം പുനഃരാരംഭിച്ചു. യുഎഇക്ക് നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായും അവയെ വിജയകരമായി പ്രതിരോധിച്ചതായും യുഎഇ അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണങ്ങളില്‍ അബൂദബിയിലെ ഷാഹ് ഓയില്‍ ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി. ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രിയല്‍ സോണിലും ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ വീണ്ടും തീപിടിത്തമുണ്ടായി. രണ്ടിടങ്ങളിലും ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 22 വരെ സ്പ്രിങ് വെക്കേഷന്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 22ന് ശേഷം രണ്ടാഴ്ചകൂടി ഓണ്‍ലൈന്‍ ക്ലാസ് തുടരാനാണ് തീരുമാനം. നഴ്സറി മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

Tags: