വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ നാവിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കാന്‍ യുഎസ് നാവികസേന വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു. യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ കരാറിലെത്താതെ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ് ഇറാന്‍. ഇത്തരം തിട്ടൂരങ്ങള്‍ക്ക് മുന്‍പില്‍ അമേരിക്ക കീഴടങ്ങില്ല. ഇറാന് നിയമവിരുദ്ധമായി കരം നല്‍കുന്ന ഒരു കപ്പലിനും അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ സുരക്ഷ ഉണ്ടായിരിക്കില്ല. ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് ഉപരോധം മറികടക്കാന്‍ യുഎസ് നാവികസേന വഴിയൊരുക്കും. ഹോര്‍മുസില്‍ ഇറാന്‍ പാകിയുള്ള മൈനുകള്‍ നീക്കം ചെയ്യുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ എഴുതി.