വാഷിങ്ടണ്‍: ഇസ്രായേലും ലബ്‌നാനും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലബ്‌നാനും ഇസ്രായേലിനും ഇടയില്‍ നേരിട്ട് ഒരു ചര്‍ച്ച നടക്കുന്നതെന്നും അത് നാളെ നടക്കുമെന്നുമാണ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഖലീല്‍ ഔണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചനിന്‍ നെതന്യാഹുവും തമ്മിലായിരിക്കും ചര്‍ച്ച നടത്തുക. ഇറാനും അമേരിക്കയ്ക്കും ഇടയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇത് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കാര്യമായി ബാധിച്ചിരുന്നു.
1991ലെ മാഡ്രിഡ് സമ്മേളനത്തിലാണ് ഇസ്രായേലും ലബ്‌നാന്‍ നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിത്. അതിനു ശേഷം 1993 വരെ വാഷിങ്ടണില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും സമാധാന ഉടമ്പടിയില്ലാതെ ഇരുരാജ്യങ്ങളും പിരിഞ്ഞിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നതെന്നാണ് വിവരം. ഇസ്രായേല്‍ ലബ്‌നാനില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.