അഞ്ചു ദിവസത്തേക്ക് ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്

ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമെന്ന് യുഎസ് പ്രസിഡന്റ്

Update: 2026-03-23 13:09 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിര്‍ത്തല്‍ ട്രംപ് പ്രഖ്യാപിച്ചത്. ഇറാനുമായി തുടരുന്ന ആഴത്തിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍, ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും ഊര്‍ജ്ജ പശ്ചാത്തല സൗകര്യങ്ങള്‍ക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പ്രസിഡന്റ് വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരുമെന്നും, സമാധാനപരമായ നീക്കങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഈ താല്‍ക്കാലിക വെടിനിര്‍ത്തലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രംപ് പിന്മാറിയതെന്ന് കാബൂളിലെ ഇറാന്‍ എംബസി. ഇറാനും യുഎസുമായി ഒരു ചര്‍ച്ചയും നടന്നു വരുന്നില്ലെന്ന് ഇറാന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി. വാഷിങ്ടണും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂര്‍ണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് പ്രസ്താവനയില്‍ കുറിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങളോ വ്യക്തമായ കരാറുകളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.