'ഇറാനിലുള്ളവര്‍ ഉടന്‍ രാജ്യം വിടണം'; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

Update: 2026-01-14 12:03 GMT

ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസി. നിലവില്‍ ലഭ്യമായ യാത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ തയ്യാറാകണമെന്നാണ് ഇന്ത്യക്കാര്‍ക്ക് എംബസി നല്‍കിയ നിര്‍ദ്ദേശം. പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും പരമാവധി അകന്നു നില്‍ക്കണം. എംബസിയുമായി നിരന്തരം ബന്ധപ്പെടണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. 10,000ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണ് ഇറാനിലുള്ളത്.

വിദ്യാര്‍ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടേയുള്ള ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടുകള്‍, ഐഡികള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കണമെന്നും സഹായത്തിനായി ഹെല്‍പ്പ്ലൈന്‍ നമ്പറുകളും ഇമെയില്‍ പിന്തുണയും സജീവമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പുനല്‍കി.