ഗള്‍ഫ് മേഖല സുരക്ഷിതമാണ്, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; എം എ യൂസഫലി

Update: 2026-03-03 15:54 GMT

അബുദാബി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടറുമായ എം എ യൂസഫലി. കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുത്. ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാണ്. അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ചില മാധ്യമങ്ങളും സമൂഹ്യ മാധ്യമങ്ങളും സംഭവങ്ങളെ എഐ വച്ച് വരെ പൊലിപ്പിച്ച് അവതരിപ്പിക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗള്‍ഫിലുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണം. ഈ സാഹചര്യത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരുടെ കുടുംബങ്ങളെ പേടിപ്പിക്കുന്നത് ശരിയല്ലെന്നും എം എ യൂസഫലി. ചിലര്‍ നടത്തുന്ന അത്തരം പ്രചാരണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.

നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം. ഇവിടുത്തെ ഭരണാധികാരികള്‍ക്കും രാജ്യത്തിനും വേണ്ടി പ്രാര്‍ഥിക്കേണ്ടത് നമ്മുടെ കടമയാണ്. ഏത് വെല്ലുവിളിയേയും പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ളവരാണ് ജിസിസി ഭരണാധികാരികളെന്നും അവര്‍ക്ക് അതിനുള്ള കഴിവും ബുദ്ധിയും സമ്പത്തും തന്റേടവുമുണ്ടെന്നും യൂസഫലി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചും ആര്‍ക്കും ആശങ്ക വേണ്ട. യുഎഇ സര്‍ക്കാര്‍ അതിനു വേണ്ടിയുള്ള ക്രമീകരണങ്ങളെല്ലാം നടത്തിയിട്ടുണ്ട്. എന്റെ കമ്പനിയായ ലുലു ഗ്രൂപ്പിലും മതിയായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. സമാധാനത്തിനായി പ്രാര്‍ഥിക്കണമെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: