കുവൈത്ത് സിറ്റി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കുവൈത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂര്‍ സ്വദേശി സന്താന സെല്‍വം(40) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. ശുഐബയിലെ പ്ലാന്റിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം നടന്നത്.
വൈദ്യുതി, കുടിവെള്ള പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കാര്യമായ കേടു പാടുകള്‍ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു. ആക്രമണ സമയത്ത് രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം. ദുരന്തത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്റെ കുടുംബത്തോടുള്ള അനുശോചനവും സഹാനുഭൂതിയും എംബസി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി കുവൈത്തി അധികാരികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ കുടുംബത്തിന് പിന്തുണ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഇടപെടല്‍ തുടരുകയാണെന്നും എംബസി അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരുന്നത്. പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. കരയുദ്ധത്തിന് മുന്നോടിയായാണ് സൈനിക നീക്കമെന്നാണ് വിലയിരുത്തല്‍.
