ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; കുവൈത്തില്‍ ഒരു മരണം, 32 പേര്‍ക്ക് പരിക്ക്

Update: 2026-03-01 15:38 GMT

കുവൈത്ത് സിറ്റി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കുവൈത്തില്‍ ഒരു മരണം. കുവൈത്തിലെ അല്‍-അദാന്‍ ആശുപത്രിയില്‍ ഒരാള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. പരിക്കേറ്റ 32 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 15 പേരെ പ്രത്യേക വൈദ്യചികില്‍സക്കായി ജാബിര്‍ അല്‍ അഹ്‌മദ് ആശുപത്രിയിലേക്ക് മാറ്റിയതായും ബാക്കിയുള്ളവര്‍ അദാന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

എല്ലാ രോഗികള്‍ക്കും കൃത്യമായ വൈദ്യസഹായവും തുടര്‍ച്ചയായ തുടര്‍നടപടികളും ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര, തീവ്രപരിചരണ വിഭാഗങ്ങളുടെ തുടര്‍ച്ചയായ സന്നദ്ധതയും വിവിധ ആരോഗ്യ മേഖലകള്‍ തമ്മിലുള്ള തുടര്‍ച്ചയായ ഏകോപനവും നടന്നുവരുന്നതായും മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ കഷ്ണങ്ങള്‍ വീണതിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ താല്‍ക്കാലികമായി വൈദ്യുതി തടസപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങള്‍ നിയന്ത്രണത്തിലാണെന്നും നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: