ഇറാന്റെ പുതിയ സുരക്ഷാ മേധാവിയായി മുഹമ്മദ് ബാഖിര്‍ ദുല്‍ഖദിറിനെ നിയമിച്ചു
തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ മേധാവി അലി ലാരിജാനിയുടെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ മേധാവിയായി മുഹമ്മദ് ബാഖിര്‍ ദുല്‍ഖദ്‌റിനെ തിരഞ്ഞെടുത്തു. ഇറാനിയന്‍ റവലൂഷനറി ഗാര്‍ഡിന്റെ മുന്‍ കമാന്‍ഡറായിരുന്നു. പുതിയ സുരക്ഷാ മേധാവിയെ നിയമിച്ചതായി ഇറാനിയന്‍ സര്‍ക്കാരിനെ ഉദ്ദരിച്ച് സ്റ്റേറ്റ് മീഡിയകള്‍ റിപോര്‍ട്ട് ചെയ്തു. ഇറാന്റെ എക്‌സ്പീഡിയന്‍സി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.
തെഹ്റാനില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുരക്ഷ മേധാവിയായ അലി ലാരിജാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തോടൊപ്പം മകനും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖാംനഈ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടിരുന്നു.