ഇസ്രായേലിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ജൂത പ്രമുഖരുടെ കത്ത്
'ഫലസ്തീനികളോടുള്ള ഞങ്ങളുടെ ഐക്യദാര്‍ഢ്യം ജൂതമതത്തോടുള്ള വഞ്ചനയല്ല, മറിച്ച് അതിന്റെ പൂര്‍ത്തീകരണമാണ്'- ഒപ്പിട്ടവര്‍ ചൂണ്ടിക്കാട്ടി
വാഷിങ്ടണ്‍: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് 450ലേറെ ജൂത പ്രമുഖരുടെ കത്ത്. ഇസ്രായേലി ഉദ്യോഗസ്ഥര്‍, ഓസ്‌കര്‍ ജേതാക്കള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഗസയിലെ വംശഹത്യയെ 'മനഃസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തി' എന്ന് വിശേഷിപ്പിച്ച അവര്‍ ഇസ്രായേലിനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎന്നിനോടും ലോക നേതാക്കളോടും ആവശ്യപ്പെട്ടതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു.
ഇസ്രായേലി നെസെറ്റ് മുന്‍ സ്പീക്കര്‍ അവ്രഹാം ബര്‍ഗ്, മുന്‍ ഇസ്രായേലി സമാധാന ചര്‍ച്ചാ പ്രതിനിധി ഡാനിയേല്‍ ലെവി, ബ്രിട്ടീഷ് എഴുത്തുകാരന്‍ മൈക്കല്‍ റോസന്‍, കനേഡിയന്‍ എഴുത്തുകാരി നവോമി ക്ലീന്‍, ഓസ്‌കര്‍ ജേതാവായ ചലച്ചിത്ര നിര്‍മാതാവ് ജോനാഥന്‍ ഗ്ലേസര്‍, യുഎസ് നടന്‍ വാലസ് ഷോണ്‍, എമ്മി ജേതാക്കളായ ഇലാന ഗ്ലേസര്‍, ഹന്ന ഐന്‍ബിന്‍ഡര്‍, പുലിറ്റ്സര്‍ സമ്മാന ജേതാവ് ബെഞ്ചമിന്‍ മോസര്‍ എന്നിവര്‍ കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരുന്നതിനിടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടേയും വിധികള്‍ ഉയര്‍ത്തിപ്പിടിക്കുക, ആയുധ കൈമാറ്റം നിര്‍ത്തിവയ്ക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത് അന്താരാഷ്ട്ര നിയമലംഘനങ്ങളില്‍ പങ്കാളിയാകുന്നത് ഒഴിവാക്കുക, ഗസയ്ക്ക് മതിയായ മാനുഷിക സഹായം ഉറപ്പാക്കുക, സമാധാനത്തിനും നീതിക്കും വേണ്ടി വാദിക്കുന്നവര്‍ക്കെതിരായ വ്യാജ ജൂതവിരുദ്ധ ആരോപണങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
'ഫലസ്തീനികളോടുള്ള ഞങ്ങളുടെ ഐക്യദാര്‍ഢ്യം ജൂതമതത്തോടുള്ള വഞ്ചനയല്ല, മറിച്ച് അതിന്റെ പൂര്‍ത്തീകരണമാണ്. ഒരു ജീവന്‍ നശിപ്പിക്കുന്നത് ഒരു ലോകത്തെ മുഴുവന്‍ നശിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പണ്ഡിതര്‍ പഠിപ്പിച്ചത്. ഈ വെടിനിര്‍ത്തല്‍ അധിനിവേശത്തിന്റെയും വര്‍ണവിവേചനത്തിന്റെയും അവസാനത്തിലേക്ക് നീങ്ങുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല'- അവര്‍ വിശദമാക്കി.
ഇസ്രായേലി കണ്ടക്ടര്‍ ഇലന്‍ വോള്‍ക്കോവ്, നാടകകൃത്ത് ഈവ് എന്‍സ്ലര്‍, അമേരിക്കന്‍ ഹാസ്യനടന്‍ എറിക് ആന്‍ഡ്രെ, ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമണ്‍ ഗാല്‍ഗട്ട്, ഓസ്‌കാര്‍ ജേതാവായ പത്രപ്രവര്‍ത്തകനും ഡോക്യുമെന്ററി പ്രവര്‍ത്തകനുമായ യുവാല്‍ എബ്രഹാം, ടോണി അവാര്‍ഡ് ജേതാവ് ടോബി മാര്‍ലോ, ഇസ്രായേലി തത്ത്വചിന്തകന്‍ ഒമ്രി ബോഹം എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
വാഷിങ്ടണ്‍ പോസ്റ്റ് പോള്‍ പ്രകാരം 61 ശതമാനം യുഎസ് ജൂതന്മാരും ഗസയില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് വിശ്വസിക്കുന്നു. 39 ശതമാനം പേര്‍ ഗസയിലേത് വംശഹത്യയാണെന്ന് വ്യക്തമാക്കുന്നു. അമേരിക്കയിലെ പൊതുജനങ്ങളില്‍ 45 ശതമാനവും ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനോട് പറഞ്ഞു. ആഗസ്റ്റില്‍ നടന്ന ക്വിന്നിപിയാക് സര്‍വേയില്‍ 77 ശതമാനം ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെ യുഎസ് വോട്ടര്‍മാരില്‍ പകുതിയും ഇതേ നിലപാടുള്ളവരാണെന്നും കണ്ടെത്തി.
2023 ഒക്ടോബര്‍ ഏഴിനു ശേഷം ഗസ വംശഹത്യയില്‍ ഇതുവരെ 68,229 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 20,000ലേറെയും കുട്ടികളാണ്. 1,70,369ലേറെ പേര്‍ക്ക് പരിക്കേറ്റു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതി പ്രകാരം നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കുശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇത് ലംഘിച്ച് ഇസ്രായേല്‍ ഇപ്പോഴും ഗസയില്‍ കൂട്ടക്കുരുതി തുടരുകയാണ്.

