ഇന്ത്യയിലെ ഒരു നിയമവും ലംഘിച്ചിട്ടില്ല; താന്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ഇര: ഡോ. സാക്കിര്‍ നായിക്

താന്‍ സമാധാനമാണ് പ്രചരിപ്പിച്ചത്. സമാധാനം പുലരണമെന്ന് ആഗ്രഹിക്കാത്തവര്‍ക്ക് തന്നെ ഇഷ്ടമല്ല. ഇസ്ലാമിക പ്രബോധനം നടത്തിയതിനാലാണ് തന്നെ ലക്ഷ്യംവെച്ചതെന്നും സാക്കിര്‍ നായിക് പറഞ്ഞു.

Update: 2018-12-03 09:26 GMT

ക്വാലാലംപൂര്‍: ഇന്ത്യയിലെ ഒരു നിയമവും താന്‍ ലംഘിച്ചിട്ടില്ലെന്ന് മതപ്രബോധകന്‍ ഡോ. സാക്കിര്‍ നായിക്. താന്‍ ഇസ്ലാമിന്റെ ശത്രുക്കളുടെ ഇരയാണെന്നും മലേസ്യയില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേ സാക്കിര്‍ നായിക് പറഞ്ഞു. ഇന്ത്യയില്‍ ലുക്ക്ഔട്ട് നോട്ടീസ് ഉള്ള സാക്കിര്‍ നായിക് ഇപ്പോള്‍ മലേസ്യയിലാണ് താമസിക്കുന്നത്.

ഭീകരവാദ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കുക, അനധികൃത പണമിടപാട് തുടങ്ങിയ കുറ്റങ്ങളാണ് നായിക്കിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ഉത്തര മലേസ്യന്‍ സംസ്ഥാനമായ പെരിലിസിന്റെ തലസ്ഥാനമായ കാംഗറിലാണ് നായിക് താന്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞത്.

താന്‍ സമാധാനമാണ് പ്രചരിപ്പിച്ചത്. സമാധാനം പുലരണമെന്ന് ആഗ്രഹിക്കാത്തവര്‍ക്ക് തന്നെ ഇഷ്ടമല്ല. ഇസ്ലാമിക പ്രബോധനം നടത്തിയതിനാലാണ് തന്നെ ലക്ഷ്യംവെച്ചതെന്നും സാക്കിര്‍ നായിക് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിര്‍ നായിക് ഇന്ത്യ വിട്ടത്.

മലേസ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സര്‍ക്കാര്‍ സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കുകയും ചെയ്തു. ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ അന്വേഷണം നേരിടുന്ന നായികിനെ എത്രയും വേഗം തിരിച്ചത്തിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേസ്യന്‍ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.


Tags: