ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: പ്രവാസികള്‍ക്കായി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നു
ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. സംഘര്‍ഷ മേഖലയിലുള്ള മലയാളി കുടുംബങ്ങളുടെ ആശങ്കയകറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് വിദേശകാര്യ മന്ത്രാലയവുമായും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി കേരള സര്‍ക്കാര്‍ നിരന്തരമായ ആശയവിനിമയം നടത്തുന്നുണ്ട്. നിലവില്‍ ഒരോ രാജ്യത്തെയും സാഹചര്യം വിലയിരുത്തുകയും അവിടുത്തെ നിയമപരമായ മാറ്റങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും ഉടന്‍ തന്നെ പ്രവാസികളിലേക്ക് എത്തിക്കുകയും ചെയ്യും. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസികള്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കേരള ഹൗസില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ഏതു സമയത്തും പ്രവാസികള്‍ക്കോ ബന്ധുക്കള്‍ക്കോ ലാന്‍ഡ്ലൈന്‍ 011-23747079, 011-23742320, മൊബൈല്‍/ഹെല്‍പ്ലൈന്‍ +91-9310443880 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോള്‍ ഫ്രീ നമ്പര്‍, വാട്സ്ആപ്പ്: +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈത്ത്: +96565501946. എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തര്‍: +974-55647502. എംബസി ഓഫ് ഇന്ത്യ, ബഹ്‌റെയ്ന്‍: 0097339418071. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടേയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
