ഒമാന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
മസ്‌കത്ത്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഒമാന്‍ തീരത്ത് എണ്ണടാങ്കറിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മസ്‌കത്തില്‍ കപ്പലിനുനേരെ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ മരിച്ചത്. മസ്‌കത്ത് തീരത്തുനിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാകയുള്ള എംകെഡി വ്യോം എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആളില്ലാ ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ എണ്ണ ടാങ്കറിന് തീപിടിക്കുകയായിരുന്നു.
ടാങ്കറില്‍ ഏകദേശം 59,463 മെട്രിക് ടണ്‍ എണ്ണയാണ് ഉണ്ടായിരുന്നത്. ആളില്ലാ ബോട്ട് ടാങ്കറില്‍ ഇടിക്കുകയും പ്രധാന എന്‍ജിന്‍ മുറിയില്‍ തീപിടിത്തവും സ്ഫോടനവും ഉണ്ടാകുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണസമയത്ത് എന്‍ജിന്‍ റൂമിലുണ്ടായിരുന്ന ഇന്ത്യക്കാരനായ ജീവനക്കാരനാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. എണ്ണ ടാങ്കറില്‍ 16 ഇന്ത്യക്കാരും നാലു ബംഗ്ലാദേശികളും ഒരു യുക്രെയ്ന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ടാങ്കറില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാന് നേരെ നടത്തുന്ന സൈനിക നീക്കത്തിനിടെയാണ് സംഭവം.