'കുറ്റമൊന്നും ചെയ്തിട്ടില്ല, വെനസ്വേലയുടെ പ്രസിഡന്റാണ്'; മഡൂറോ യുഎസ് കോടതിയില്‍
മാന്‍ഹാട്ടന്‍ കോടതിയില്‍ തടവുകാരുടെ വേഷത്തില്‍ നിക്കോളാസ് മഡൂറോ, അടുത്ത വാദം മാര്‍ച്ചില്‍
ന്യൂയോര്‍ക്ക്: സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കയിലെ കോടതിയില്‍ ഹാജരാക്കി. നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്‌ലോറെസിനേയും ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ കോടതിയിലാണ് ഹാജരാക്കിയത്. തന്റെ മേല്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും വിചാരണക്കിടെ നിഷേധിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമാണ് മഡൂറോ കോടതിയില്‍ പറഞ്ഞത്. താന്‍ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മഡൂറോ വാദിച്ചു. കേസിലെ അടുത്ത വാദം മാര്‍ച്ച് 17ന് നടക്കും.
ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കിലെ കോടതിയില്‍ ആദ്യമായാണ് ഹാജരാവുന്നത്. താന്‍ നിരപരാധിയാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല, മാന്യനായ വ്യക്തിയാണ്, താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണ് എന്നാണ് 63കാരനായ നിക്കോളാസ് മഡൂറോ കോടതിയില്‍ പരിഭാഷകന്‍ മുഖേന വ്യക്തമാക്കിയത്. മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മഡൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളോടെ നിരവധിപേരാണ് കോടതി പരിസരത്തെത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാന്‍ഹാട്ടന്‍ കോടതി മഡൂറോയുടെ വിചാരണ ആരംഭിച്ചത്. തടവുകാരുടെ വേഷത്തിലാണ് മഡൂറോയെ കോടതിയിലെത്തിച്ചത്. സ്പാനിഷിലായിരുന്നു മഡൂറോ സംസാരിച്ചത്.
ലഹരി കാര്‍ട്ടലുകളുമായി ചേര്‍ന്ന് കൊക്കെയ്ന്‍ കടത്തിയെന്നാണ് മഡൂറോ നേരിടുന്ന പ്രധാന ആരോപണം. മെക്‌സിക്കോയുടെ സിനലോവ കാര്‍ട്ടല്‍, സെറ്റാസ് കാര്‍ട്ടല്‍, കൊളംബിയന്‍ എഫ്എആര്‍സി റിബല്‍സ്, വെനസ്വേലയിലെ ട്രെന്‍ ഡേ അരാഗുവ ഗാംഗ് എന്നിവയ്‌ക്കൊപ്പം മഡൂറോ കൊക്കെയ്ന്‍ കടത്താന്‍ കൂട്ടുനിന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. നാല് കുറ്റങ്ങളാണ് പ്രധാനമായും മഡൂറോ നേരിടുന്നത്. നാര്‍ക്കോ ഭീകരവാദം, കൊക്കെയ്ന്‍ കടത്താനുള്ള ഗൂഡാലോചന, മെഷീന്‍ ഗണ്‍ കൈവശം വയ്ക്കുക, മാരകശേഷിയുള്ള ആയുധങ്ങള്‍ കൈവശം കരുതുക എന്നിവയാണ് മഡൂറോയ്‌ക്കെതിരേ ചുമത്തപ്പെട്ട കുറ്റങ്ങള്‍.
മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് മഡുറോയെ മാസങ്ങളായി വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക അദ്ദേഹത്തേയും ഭാര്യയേയും ബന്ദിയാക്കിയത്. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയായ ഡെല്‍റ്റ ഫോഴ്സാണ് മഡുൂറോയേയും സീലിയേയും ബന്ദിയാക്കിയത്. കിടപ്പുമുറിയില്‍ അതിക്രമിച്ച് കടന്നായിരുന്നു നടപടി. ഇതിന് തൊട്ടുമുന്‍പ് വെനസ്വേലയ്ക്ക് നേരെ അമേരിക്ക ശക്തമായ അക്രമണം നടത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കിയ വിവരം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.

