ദുബയ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു
സര്‍വീസുകള്‍ പുനരാരംഭിച്ച് എമിറേറ്റ്‌സും ഇത്തിഹാദും എയര്‍ ഇന്ത്യ എക്‌സ്പ്രസും
ദുബയ്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ തടസ്സപ്പെട്ട ദുബയ് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുന്നു. ചില വിമാനസര്‍വീസുകള്‍ ആരംഭിച്ചതായി ദുബയ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതല്‍ ദുബയ് ഇന്റര്‍നാഷണല്‍, ദുബയ് വേള്‍ഡ് സെന്‍ട്രല്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് പരിമിതമായ തോതില്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനക്കമ്പനികളില്‍നിന്ന് നേരിട്ട് അറിയിപ്പ് ലഭിക്കുകയും യാത്ര ഉറപ്പാക്കുകയും ചെയ്തവരല്ലാതെ മറ്റാരും വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദുബയ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, തിരഞ്ഞെടുത്ത വിമാനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. വ്യോമാതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ക്കിടയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഈ നീക്കം. ഇന്ന് വൈകുന്നേരം മുതല്‍ ചില വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി എമിറേറ്റ്സ് അറിയിച്ചു. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്കാണ് മുന്‍ഗണന. യാത്ര ചെയ്യാന്‍ റീബുക്ക് ചെയ്തവരെ എമിറേറ്റ്സ് നേരിട്ട് ബന്ധപ്പെടും. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് കമ്പനി അഭ്യര്‍ഥിച്ചു.
ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്. ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. മസ്‌കറ്റില്‍ നിന്നുള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തും. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനം 8.30ന് ഡല്‍ഹയില്‍ എത്തി. മസ്‌ക്കറ്റില്‍ നിന്ന് 3.12ന് പുറപ്പെട്ട ഒമാന്‍ എയര്‍ 7.48ന് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു.
ഇത്തിഹാദ് എയര്‍വേയ്സിന്റെ 15 യാത്രാ വിമാനങ്ങള്‍ അബുദാബിയില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് കമ്പനി യാത്രക്കാരോട് അഭ്യര്‍ഥിച്ചു. സംഘര്‍ഷം തുടങ്ങിയത് മുതല്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
നാളെ മുതല്‍ മസ്‌കത്തിലേക്കും അവിടെ നിന്നുമുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിക്കും. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മസ്‌കത്തില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പ്രാദേശിക സമയം 10:25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും. ബഹ്റയ്ന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നാളെ അര്‍ധരാത്രിവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

