ഹോര്‍മുസ് കടലിടുക്കില്‍ ജലഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ചൈന
ബീജിങ്: ഹോര്‍മുസ് കടലിടുക്കില്‍ സാധാരണ ജലഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ഫോണില്‍ അഭ്യര്‍ത്ഥിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്റെ പരമാധികാരവും കടലിടുക്കിലെ സുരക്ഷയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെങ്കിലും, നാവിഗേഷന്റെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്ന് വാങ് അറിയിച്ചു.
ജലപാതയിലൂടെയുള്ള സാധാരണ നാവിഗേഷന്‍ പുനഃസ്ഥാപിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ താല്‍പ്പര്യമുണ്ടെന്നും, മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരാന്‍ ചൈന തയ്യാറാണെന്നും വാങ് കൂട്ടിച്ചേര്‍ത്തു.