ഇറാനില്‍ ആയത്തുല്ലാ അറാഫി താല്‍ക്കാലിക നേതാവ്
ഐആര്‍ജിസി തലവനായി അഹ്‌മദ് വാഹിദിയെ നിയമിച്ചു
തെഹ്‌റാന്‍: ഇസ്രായേല്‍-അമേരിക്ക സംയുക്താക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയും പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടതിനു പിന്നാലെ പുതിയ ഭരണകര്‍ത്താക്കളെ നിശ്ചയിച്ച് ഇറാന്‍. അയത്തുല്ലാ അലിറേസ അറാഫിയെ ഇറാന്റെ നേതൃ കൗണ്‍സിലിലേക്കും, മുന്‍ ആഭ്യന്തരമന്ത്രി അഹമദ് വാഹിദിയെ ഐആര്‍ജിസിയുടെ പുതിയ തലവനായും നിയമിച്ചു. ഐആര്‍ജിസി തലവന്‍ മുഹമ്മദ് പാക്പോര്‍ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഖമനേയിയോട് അടുത്ത ബന്ധമുണ്ടായിരുന്ന ആത്മീയ നേതാവാണ് ആയത്തുല്ലാ അറാഫി. പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതുവരെയുള്ള കാലയളവില്‍ പരമോന്നത നേതാവിന്റെ ചുമതല അറാഫി വഹിക്കുമെന്ന് ഇറാന്‍ അറിയിച്ചു. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലാംഹൊസൈന്‍ മൊഹ്‌സെനി എജെയ് എന്നിവരോടൊപ്പം അറാഫിയും താല്‍ക്കാലിക നേതൃത്വ കൗണ്‍സിലിന്റെ ഭാഗമാകും. അമേരിക്കന്‍ താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് പുതിയ തലവനായി അഹമ്മദ് വാഹിദിയെ നിയമിച്ചത്. 2025 ഡിസംബറിലാണ് ഐആര്‍ജിസിയുടെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫായി അഹമ്മദ് വാഹിദി നിയമിതനാകുന്നത്. അദ്ദേഹം മുന്‍പ് പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.