സര്‍വീസുകള്‍ പുനരാരംഭിച്ച് വിമാന കമ്പനികള്‍
കേരളത്തില്‍ നിന്നും സര്‍വീസുകള്‍
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നു. ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും നൂറ് സര്‍വീസ് നടത്തുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്. കൊച്ചി, തിരുവനന്തപുരം അടക്കമുള്ള 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസുകള്‍ നടത്തും.
കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. ഇന്‍ഡിഗോ ഗള്‍ഫ് മേഖലയിലെ എട്ട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ഇന്ന് 34 സര്‍വീസാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്‌കത്ത് സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പൈസ് ജെറ്റും ഇന്ന് 14 സര്‍വീസ് നടത്തും. ഇതില്‍ 13 സര്‍വീസുകളും ഫുജൈറയില്‍ നിന്ന് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ്. ദുബായില്‍ നിന്ന് മുംബൈയിലേക്ക് ഒരു സര്‍വീസുണ്ടാകും. അതേസമയം മാര്‍ച്ച് ഏഴുവരെ അബുദബി, ദോഹ, റിയാദ്, കുവൈത്ത് എന്നിവടങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകില്ല. എമിറേറ്റ്സ്: ദുബായില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം അടക്കം രാജ്യത്തെ 14 വിമാനത്താവളങ്ങളിലേക്ക് ഇന്ന് ഭാഗികമായ സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് ആകെ 100 സര്‍വീസുകള്‍ വിവിധ രാജ്യങ്ങളിലേക്കു നടത്തുമെന്നാണ് അറിയിപ്പ്.
