'കേരളത്തില്‍ ഇനിയൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാവില്ല'-ഇ പി ജയരാജന്‍

അറവുമാലിന്യ ഫാക്ടറിക്കെതിരായ സമരത്തിലെ അക്രമി സംഘത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി വേണം

Update: 2025-10-22 12:14 GMT

കണ്ണൂര്‍: കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ഇനിയൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും, മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ കുറേയാളുകള്‍ മുഖ്യമന്ത്രിയാകാന്‍ പുറപ്പെട്ടിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാവാന്‍ പുറപ്പെട്ടാലും കേരളത്തില്‍ അവരാരും ഇനി മുഖ്യമന്ത്രിയാവാന്‍ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇനി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉണ്ടാകില്ലെന്നും ഇ പി പരിഹസിച്ചു.

പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി മുന്നണിയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കുറേയുണ്ട്. ഇത്തരം പദ്ധതികളില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ് നിലപാട് സ്വീകരിക്കുക. പദ്ധതിയുടെ പേരില്‍ ആര്‍എസ്എസ് അജണ്ടയൊന്നും നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കട്ടിപ്പാറ അറവുമാലിന്യ ഫാക്ടറിക്കെതിരായ സമരത്തില്‍ നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയത്. ആസൂത്രിത ആക്രമണമാണ് അവിടെ നടന്നത്. രാവിലെ മുതല്‍ നല്ല നിലക്ക് നടന്ന സമരം വൈകീട്ടോടെ അക്രമാസക്തമാവുകയായിരുന്നു. പോലിസിനെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല. മാലിന്യ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കും. അക്രമി സംഘത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണം. സമരം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

Tags: