'ഒന്നായി തുടരാന്‍ ഒപ്പം നിന്നതിന് നന്ദി'; വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

Update: 2026-04-09 14:26 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് 16മത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാനത്തെ വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയായിരിക്കുകയാണ്. തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിച്ച് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കുന്നു.

വളരെ ചുരുങ്ങിയ പ്രചാരണ സമയം മാത്രമേ ഇത്തവണ ലഭിച്ചിരുന്നുള്ളൂ. എങ്കിലും, കടുത്ത വേനല്‍ച്ചൂടിനെപ്പോലും അവഗണിച്ച് അക്ഷീണം പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആവേശം എടുത്തുപറയേണ്ടതാണ്. പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ പോളിംഗ് ബൂത്തുകളിലെത്തിയ ജനങ്ങള്‍, കേരളത്തിന്റെ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള ഉന്നതമായ പ്രതിബദ്ധതയുടെയും നേര്‍ക്കാഴ്ചയാണ് നല്‍കിയത്. ഈ വലിയ ജനപങ്കാളിത്തം അങ്ങേയറ്റം ശ്ലാഘനീയമാണ്.

സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ, തികച്ചും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ നമുക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഈ ബൃഹത്തായ പ്രക്രിയ വിജയകരമായി നടപ്പിലാക്കാന്‍ അഹോരാത്രം അധ്വാനിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷയൊരുക്കിയ പോലീസ്-കേന്ദ്രസേനാ അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച എല്ലാവരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കേരളത്തിന്റെ ജനാധിപത്യ ബോധത്തിനും ജനപങ്കാളിത്തത്തിനും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍.

നമുക്ക് ഒരുമിച്ച് മുന്നേറാം, നവകേരളത്തിനായി.

Tags: