സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളക്ക് തുടക്കം; രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാവാതെ ബിജെപി കൗണ്‍സിലര്‍
പാലക്കാട് നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി കൃഷ്ണകുമാറാണ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്
പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് പാലക്കാട്ട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണല്‍ വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍.
മന്ത്രിമാരായ എം ബി രാജേഷ്, വി ശിവന്‍കുട്ടി എന്നിവരോടൊപ്പം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ വേദിയില്‍ നിന്നും ഇറങ്ങിപ്പോയി. നേരത്തെ രാഹുലിനെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, രാഹുലിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തതിന് പാലക്കാട് നഗരസഭാ അധ്യക്ഷയും ബിജെപി നേതാവുമായ പ്രമീള ശശിധരനെതിരേ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മന്ത്രി വി ശിവന്‍കുട്ടി വലിയ പ്രഖ്യാപനങ്ങളോടെയാണ് ശാസ്‌ത്രോല്‍സവം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. പ്രധാനമായും മൂന്നു പ്രഖ്യാപനങ്ങളാണ് നടത്തിയത്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തുമെന്നതാണ് ഇതില്‍ പ്രധാന പ്രഖ്യാപനം. കൂടാതെ സമ്മാനത്തുകയും വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാര്‍ത്ഥനയിലെ ഏകീകരണം നടത്തുമെന്ന മറ്റൊരു പ്രധാന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. എല്ലാ സ്‌കൂളിലും ഒരുപോലെയുള്ള പാട്ടു പാടണം. ചില മത സംഘടനകളുടെ സ്‌കൂളുകളില്‍ പ്രത്യേക വിഭാഗത്തിന്റെ പ്രാര്‍ത്ഥന നടക്കുന്നു. വിദ്യാര്‍ഥിയായതുകൊണ്ടു മാത്രം അത് പാടേണ്ടി വരുന്നു. എല്ലാ സ്‌കൂളുകളിലും ഒരുപോലെയുള്ള പാട്ടു വരണമെന്നത് സമൂഹത്തിന്റെ ചര്‍ച്ചക്ക് വെക്കുന്നതായും ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവുമുള്ള പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി ഉദ്ഘാടന വേദിയില്‍ പറഞ്ഞു.
