തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ 2,000 രൂപയാക്കി ഉയര്‍ത്തി
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രതിമാസം 1,000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് 1,600 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 2,000 രൂപയാക്കി വര്‍ധിപ്പിച്ചു. നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശമാരുടെ അലവന്‍സ് വര്‍ധിപ്പിച്ചും സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ഒരു ഗഡു(4%) അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതി വര്‍ഷം ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്കാണ് പ്രതിമാസം 1,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുക. ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിക്കുന്നതോടെ 1,600ല്‍ നിന്നും 2,000 ആക്കിയതായും ഇതിനായി 13,000 കോടി നീക്കിവെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അങ്കണവാടി ജീവനക്കാരുടെയും ആശ വര്‍ക്കര്‍മാരുടെയും ഓണറേറിയം പ്രതിമാസം 1,000 രൂപ വര്‍ധിപ്പിച്ചു. നെല്ലിന്റ സംഭരണ വില 30 രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനു സമാനമായ വാരിക്കോരിയുള്ള ജനക്ഷേമ പ്രഖ്യാപനം.
സ്ത്രീസുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കും. സാമൂഹിക ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും സാമ്പത്തികസഹായം ലഭ്യമാക്കും. 35 മുതല്‍ 60 വയസുവരെയുള്ള നിലവില്‍ ഏതെങ്കിലും സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ മഞ്ഞക്കാര്‍ഡ്, പിഎച്ച്എച്ച് മുന്‍ഗണനാവിഭാഗം പിങ്ക് കാര്‍ഡ് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം സ്ത്രീസുരക്ഷാ പെന്‍ഷന്‍ അനുവദിക്കും. 33.34 ലക്ഷം സ്ത്രീകള്‍ ഈ പദ്ധതികളുടെ ഉപഭോക്താക്കളാകും. പ്രതിവര്‍ഷം 3,800 കോടി രൂപ അധിക ചെലവ് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

