ശബരിമല സ്വര്‍ണക്കൊള്ള; 'പിന്നില്‍ വലിയ ആളുകള്‍, ഗൂഢാലോചന നടന്നത് ബെംഗളൂരുവില്‍' -ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി
താന്‍ ചെറിയ കണ്ണി മാത്രമെന്നും എസ്‌ഐടിക്ക് മൊഴി നല്‍കി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. പോറ്റിക്കൊപ്പം അഞ്ചുപേര്‍ ഗൂഢാലോചനയില്‍ പങ്കാളികളായി. താന്‍ ചെറിയ കണ്ണിമാത്രമെന്നും കൂടുതല്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് മറ്റുള്ളവരെന്നും എസ്ഐടിക്ക് മൊഴി നല്‍കി. ഗൂഢാലോചനയില്‍ കല്‍പേഷും പങ്കാളിയായി. തനിക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായില്ലെന്നും മറ്റുള്ളവരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്നുമാണ് പോറ്റിയുടെ മൊഴി.
ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണം എന്തുചെയ്തു, സ്വര്‍ണപാളികള്‍ കൊണ്ടുപോയതില്‍ ആരുടേയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്. പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബെംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദേവസ്വംബോര്‍ഡിലെ ഉദ്യോഗസ്ഥരായിരുന്ന ഒമ്പതുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെയും എസ്ഐടി ചോദ്യം ചെയ്യും. സ്വര്‍ണ പാളികള്‍ കൊണ്ടുപോയതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് പോറ്റി മൊഴി നല്‍കിയിരുന്നു.
വ്യാഴാഴ്ച വീട്ടില്‍ നിന്ന് രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തശേഷം രാത്രി 11:30യോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഒക്ടോബര്‍ 30വരെയായിരിക്കും ഇത്. സമയം വേണമെന്ന എസ്ഐടിയുടെ വാദം പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. ഈ സമയം അന്വേഷണ സംഘത്തിന് നിര്‍ണായകമായിരിക്കും. എസ്ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലായിരിക്കുമെന്നാണ് റിപോര്‍ട്ട്. സ്വര്‍ണപ്പാളി കവര്‍ച്ച, ശീകോവിലിന്റെ സ്വര്‍ണക്കവര്‍ച്ച എന്നിങ്ങനെ രണ്ടുകേസുകളാണ് ഇയാള്‍ക്കതിരേ ഉള്ളത്.
