മഴ മുന്നറിയിപ്പ്; നാളെ ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Update: 2025-11-16 11:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആറു ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലേര്‍ട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്കു സമീപം ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്കു കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരള തീരത്തിനു സമീപമായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറി താമസിക്കണം.