ടി പി വധക്കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ്

പ്രതികളെ വിടുന്നതില്‍ സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്തു നിന്ന് കത്തയച്ചു

Update: 2025-10-28 04:21 GMT

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ്. ടി പി വധക്കേസിലെ പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്തു നിന്ന് കത്തയച്ചു. എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കുമാണ് ജയില്‍ ആസ്ഥാനത്തു നിന്ന് കത്തയച്ചിരിക്കുന്നത്. പ്രതികളെ ജയിലില്‍ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോളാണോയെന്ന് കത്തില്‍ പരാമര്‍ശിക്കുന്നില്ല.

അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണവുമായി ജയില്‍ എഡിജിപി രംഗത്തെത്തി. പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നാണ് എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ പറയുന്നത്. മഹാരി ഇരട്ടക്കൊല കേസിലും ടിപി വധക്കസിലെ മുഖ്യപ്രതികളായ കൊടി സുനി ഉള്‍പ്പെടെയുള്ളവവര്‍ ഉള്‍പ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസില്‍ ടിപി കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ച് കത്തയച്ചതെന്നാണ് വിശദീകരണം.

മാഹി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയാല്‍ സുരക്ഷാ പ്രശ്‌നമുണ്ടോയെന്നാണ് കത്തില്‍ ഉദ്ദേശിച്ചതെന്നുമാണ് ജയില്‍ മേധാവി എഡിജിപി ബല്‍റാംകുമാര്‍ ഉപധ്യായ വിശദീകരിക്കുന്നത്. ടി പി വധക്കേസിലെ പ്രതികളെ 20വര്‍ഷത്തേക്ക് വിട്ടയക്കരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇത്തരമൊരു അസാധാരണ നടപടി. അതേസമയം, സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കെ കെ രമ രംഗത്തെത്തി. പ്രതികളെ വിട്ടയക്കണമെങ്കില്‍ സുപ്രിം കോടതിയില്‍ പോയി അപ്പീല്‍ വാങ്ങണമെന്ന് കെ കെ രമ പറഞ്ഞു. 20വര്‍ഷത്തേക്ക് ടിപി കേസ് പ്രതികളെ വിട്ടയക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവുള്ളത്. എന്നാല്‍, പലപ്പോഴായി പരോള്‍ നല്‍കി അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും കെ കെ രമ ആരോപിച്ചു.

Tags: