യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചു, ബിനു ചുള്ളിയില്‍ വര്‍ക്കിങ് പ്രസിഡന്റ്
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിയമനം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചു. ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യമുണ്ടായത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒ ജെ ജനീഷിനെ നിയമിക്കുകയായിരുന്നു.
ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒ ജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്നുതന്നെ അധ്യക്ഷ പദവിയിലേക്കെത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റായിട്ടായിരുന്നു ഒ ജെ ജനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒ ജെ ജനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.