'ഉപമുഖ്യമന്ത്രി പദവിക്ക് ലീഗിന് അര്‍ഹതയുണ്ട്, ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ല'; മുനവ്വറലി തങ്ങള്‍

Update: 2026-04-10 06:28 GMT

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതയുണ്ടെന്നും ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് അവകാശ വാദം ഉന്നയിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പ്രതികരണം.

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അര്‍ഹതയുണ്ട്. മുന്‍പ് സി എച്ച് മുഹമ്മദ് കോയ സാഹിബും അവുഖാദര്‍ കുട്ടി നഹ സാഹിബും ഈ പദവി വഹിച്ചിട്ടുള്ളതിനാല്‍ ലീഗിന് ഇതിന് ചരിത്രപരമായ അര്‍ഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഈ പദവി ഒരു അവകാശവാദമായി ഉന്നയിക്കാനോ അതിനായി ചര്‍ച്ചകള്‍ നടത്താനോ ലീഗ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ സ്ഥാനം ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്ഥാനാര്‍ഥികള്‍ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. ലീഗിന്റെ സ്ഥാനാര്‍ഥികള്‍ മതം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.